2015 -ലെ ഭിന്നശേഷിവിഭാഗക്കാരുടെ സർവ്വേ പ്രകാരം കേരളത്തിൽ 7-9 ലക്ഷം പേർ ഭിന്നശേഷിക്കാരാണ്. അംഗപരിമിത നിയമം, 1995 പ്രകാരം എല്ലാ ഭിന്നശേഷിക്കാർക്കും സർട്ടിഫിക്കറ്റ് നല്കേണ്ടത് നിർബന്ധമാണ്. 2009 മുതൽ 2015 മാർച്ച് വരെ കേരള സാമൂഹ്യസുരക്ഷാ മിഷൻ 1495 ക്യാമ്പുകൾ സംഘടിപ്പിച്ച് 283,277 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി. 2017-18 -ൽ 31 ക്യാമ്പുകൾ സംഘടിപ്പിച്ച് 7,750 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി. ഭിന്നശേഷിക്കാരായവർക്ക് ദൂരെ സ്ഥലത്ത് പോയി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ ലഘൂകരിക്കാൻ ഇത്തരത്തിലുള്ള ക്യാമ്പുകൾ സഹായകമായി.

ഭിന്നശേഷിക്കാര്‍ക്ക് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 4 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 2016ലെ ഡിസബലിറ്റീസ് ആക്ട് (ആര്‍.പി.ഡബ്ലിയു.ഡി.) പ്രകാരം എയിഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് 19.04.2017 മുതലുള്ള മൊത്തം ഒഴിവുകളുടെ 4 ശതമാനം ജോലി സംവരണം ലഭിക്കുന്നത്. കൂടാതെ 1995ലെ ഡിസബലിറ്റി ആക്ട് പ്രകാരം 7.02.1996 മുതല്‍ 18.4.2017 വരെ മുന്‍കാല പ്രാബല്യത്തോടെ 3 ശതമാനം സംവരണം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്.സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവ വഴി ഒട്ടനവധി ക്ഷേമ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. അടിയന്തര സാഹചര്യം നേരിടേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായം നല്‍കുന്ന പരിരക്ഷ പദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന രക്ഷിതാവിന് സ്വയം തൊഴില്‍ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്ച വൈകല്യം ബാധിച്ച അമ്മമാര്‍ക്ക് കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹ ധനസഹായം നല്‍കുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ യൂണിഫോം എന്നിവ നല്‍കുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്കുള്ള റീഡേഴ്‌സ് അലവന്‍സ് പദ്ധതി, സഹായ ഉപകരണ വിതരണ പദ്ധതി, തുല്യത പരീക്ഷ എഴുതുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി, വ്യക്തിഗത പരിശീലന പരിപാലന പദ്ധതി, എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബാരിയര്‍ ഫ്രീ കേരള, നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി, അട്ടപ്പാടിയിലെ മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ജനി പദ്ധതി, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള എസ്എച്ച്‌സിഇ പദ്ധതി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നത്.

1000 ഓളം പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത ശുഭയാത്ര പദ്ധതി, 100 പേര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്ത കാഴ്ച പദ്ധതി എന്നിവയും നടപ്പിലാക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്ഥ സേവനങ്ങള്‍ നല്‍കുന്ന ആശ്വാസം പദ്ധതി, ഗുരുതരമായ വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള 'ഹസ്തദാനം' സ്ഥിര നിക്ഷേപ പദ്ധതി തുടങ്ങിയവയുമുണ്ട്. ഒറ്റത്തവണ തീര്‍പ്പാക്കലിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.84 കോടി രൂപ ഉപയോഗിച്ച് ആശ്വാസം പദ്ധതി നടപ്പിലാക്കുകയും മരണമടഞ്ഞ 35 പേരുടെ സ്വയം തൊഴില്‍വായ്പ കുടിശിക എഴുതി തള്ളുകയും ചെയ്തു. ഭിന്നശേഷി ക്ഷേമത്തിനായി 25 ഓളം പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. അതിലേറ്റവും പ്രധാനമായ 'അനുയാത്ര'യുടെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളും റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളും, നിലവിലുളള ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ ശാക്തീകരണം, മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍, കാതോരം, സ്‌പെഷ്യല്‍ അങ്കണവാടികള്‍, അംഗപരിമിതര്‍ക്കായുളള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം, സ്‌പെക്ട്രം തുടങ്ങിയവയാണ് അനുയാത്രയിലെ ചില പദ്ധതികള്‍.

ഓട്ടിസം ബാധിതര്‍ക്കായി സ്‌പെക്ട്രം എന്ന പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 7 വ്യത്യസ്ത പദ്ധതികളാണ് സ്‌പെക്ട്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭിന്നശേഷിക്കാരായവര്‍ക്ക് നല്‍കുന്ന സ്ഥിര 'വൈകല്യ നിര്‍ണയ സര്‍ട്ടിഫിക്കറ്റുകള്‍' 18 വയസിനു ശേഷം പുതുക്കണമെന്ന നിബന്ധന എടുത്തു കളഞ്ഞു. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം ജാമ്യക്കാരുടെ പിന്‍ബലം ഇല്ലാതെ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നാമമാത്ര പലിശ നിരക്കില്‍ വാഹന വായ്പ അനുവദിക്കുന്നുണ്ട്.