കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് 1950-ല്‍ ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന് നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തില്‍ സമഗ്രമായ ആസൂത്രണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി 1967-ല്‍ ആണ് കേരളത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത്. മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ ഒരു ഉപാധ്യക്ഷനും പ്രധാന മേഖലകള്‍ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാര്‍ട്ട്ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. പ്ലാനിംഗ് ബോര്‍ഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്ലാന്‍ കോര്‍ഡിനേഷന്‍ , കൃഷി, വ്യവസായം, സോഷ്യല്‍ സര്‍വീസസ് വിഭാഗം, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം , പേഴ്സ്പെക്റ്റീവ് പ്ലാനിംഗ് വിഭാഗം, ഇവാലുവേഷന്‍ ഡിവിഷന് എന്നിവയാണ് ബോര്‍ഡിന്റെ ഏഴു പ്രധാന ഡിവിഷനുകള്‍ . കൂടാതെ വിവരസാങ്കേതികവിദ്യാ ശാഖയും പ്ലാന്‍ പബ്ലിസിറ്റി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ബോര്‍ഡിന്റെ സംസ്ഥാന കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഗവേഷണ മേഖലക്കുകൂടെ സഹായകമാണ്. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി എല്ലാ വര്‍ഷവും കേരള ഇക്കണോമിക് റിവ്യൂ പ്രസിദ്ധീകരിക്കുന്നു. ബജറ്റവതരണത്തിനു മുമ്പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെടുന്ന ഈ രേഖ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്നു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തയാറാക്കുക വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിരന്തരമായ പഠനങ്ങളിലൂടെ വിലയിരുത്തുന്നതും വികസനം സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുന്നതും പ്ലാനിംഗ് ബോര്‍ഡിന്റെ ചുമതലയില്‍ പെടുന്നു. വെബ്സൈറ്റ് : www.spb.kerala.gov.in ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണില്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് (ഐ.കെ.എം.). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍ എന്നിവ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ച് ഇ- ഗവേണന്‍സ് നടപ്പിലാക്കുകയുമാണ് ഇന്‍ഫര്‍മേഷന്‍ കേരളാമിഷന് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ രൂപകല്പന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ മുന്നോടിയായി മുന്‍കാലരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളില്‍ പരിശീലിപ്പിക്കുകയും ചെയ്തു. 2008-09ലെ CSI Nihilent – eGovernance അവാര്‍ഡ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് നടപ്പിലാക്കിയ സുലേഖ പ്ലാന്‍ മോണിറ്ററിംഗ് സോഫ്റ്റ്വെയറിന് ലഭിക്കുകയുണ്ടായി. 2009-2010 ലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോള്‍ഡ് മെഡല്‍ സുലേഖ പ്ലാന്‍ മോണിറ്ററിംഗിനും, ബ്രോണ്‍സ് മെഡല്‍ സേവന സിവില്‍ രജിസ്ട്രേഷനും ലഭിച്ചത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് തയ്യാറാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്ന ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം കൂടിയാണ്. വെബ്സൈറ്റ് : www.ikm.gov.in ലോക്കല്‍ ഗവണ്മെന്റ് കമ്മീഷന് അധികാര വികേന്ദ്രീകരണം ജനകേന്ദ്രീകൃതമായ വിധത്തില്‍ സ്ഥാപനവല്‍ക്കരിക്കുന്ന പ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഗവണ്മെന്റിന് നല്‍കുകയെന്നതാണ് ലോക്കല്‍ ഗവണ്മെന്റ് കമ്മീഷന്റെ ദൌത്യം. നവകേരള മിഷന് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വികേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങളുടെ സ്ഥാപനവല്‍ക്കരണം കാലികമായ പരിഷ്കാരങ്ങളോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലോക്കല്‍ ഗവണ്മെന്റ് കമ്മീഷന് ഏറ്റെടുത്തിരിക്കുന്നത്. വിലാസം : ലോക്കല്‍ ഗവണ്മെന്റ് കമ്മീഷന് 6-ാം നില ,സ്വരാജ് ഭവന് ,നന്തന്‍കോട് , തിരുവനന്തപുരം ഫോണ്‍: 0471 2721627. വെബ് സൈറ്റ് : www.lgc.lsgkerala.gov.in കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് ആണ് ഈ പ്രോജക്ട് നടത്തുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്കി. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുകയും സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന് ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. വെബ് സൈറ്റ് : www.kudumbashree.org കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് - കില തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 1990-ല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ രൂപം നല്കിയ സ്വയംഭരണ സ്ഥാപനമാണ് ‘കില’. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറികിട്ടിയ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുക എന്നതാണ് ‘കില’യുടെ മുഖ്യ ഉത്തരവാദിത്വം. അധികാര വികേന്ദ്രീകരണവുമായും പ്രാദേശിക ആസൂത്രണവുമായും പൊതുഭരണവുമായും ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിനും നയരൂപീകരണത്തിനുമാവശ്യമായ വിദഗ്ദ്ധ ഉപദേശവും സഹായവും നല്‍കുകയും ‘കില’യുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള ഹെല്‍പ്പ് ലൈന്‍ സംവിധാനവും ‘കില’യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അധികാര വികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും സംബന്ധിച്ച പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യം കൈവരിക്കാന്‍ ഇതിനകം ‘കില’യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ അധികാര വികേന്ദ്രീകരണത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള ദക്ഷിണേന്ത്യയിലെ സുപ്രധാനമായ പരിശീലന സ്ഥാപനമായി ‘കില’യ്ക്ക് ഇതിനകം മാറാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാതലത്തില്‍ വികേന്ദ്രീകൃതമായ പരിശീലന സംവിധാനം സൃഷ്ടിച്ചുകൊണ്ട് സമയബന്ധിതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ‘കില’യ്ക്ക് കഴിയുന്നു. അന്തര്‍ദേശീയ വികസന ഏജന്‍സിയായ യുഎന്‍ഡിപി, എസ്ഡിസി, യൂനിസെഫ്, യുഎന്‍ ഹാബിറ്റാറ്റ്, കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്മെന്റ് ഫോറം എന്നിവയുടെയും ദേശീയതലത്തില്‍ ഹഡ്കോ, എന്‍ഐയുഎ, കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം, കേന്ദ്ര നഗരവികസന മന്ത്രാലയം എന്നിവ നടപ്പാക്കുന്ന അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനും ‘കില’ പ്രവര്‍ത്തിച്ചു വരുന്നു. വെബ് സൈറ്റ് :www.kila.ac.in ശുചിത്വ മിഷന് കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പരിപാടി ഗ്രാമപ്രദേശങ്ങളില്‍ നടപ്പിലാക്കി വന്നിരുന്ന ഏജന്‍സിയായ കേരള ടോട്ടല്‍ സാനിറ്റേഷന്‍ ആന്റ് ഹെല്‍ത്ത് മിഷനും സംസ്ഥാന സര്‍ക്കാരിന്റെ ഖരമാലിന്യ പരിപാലന പരിപാടികള്‍ക്ക് നേതൃത്വം നല്കിവന്നിരുന്ന ഏജന്‍സിയായ ക്ലീന്‍ കേരള മിഷനും സംയോജിപ്പിച്ചുകൊണ്ട് 2008-ല്‍ ശുചിത്വ മിഷന് രൂപികരിച്ചു. മാലിന്യമുക്ത കേരള പരിപാടി ലക്ഷ്യമിട്ടിരിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിന് ശുചിത്വ മിഷന് പ്രവര്‍ത്തിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയായ ശുചിത്വ പരിപാലനത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ വേഗത്തില്‍ നടപ്പില്‍വരുത്തി കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിനും സഹായിക്കുക എന്നതാണ് ശുചിത്വ മിഷന്റെ കര്‍ത്തവ്യം. വെബ് സൈറ്റ് : www.sanitation.kerala.gov.in കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി - ക്രൂസ് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും പഞ്ചായത്തു വകുപ്പിന്റെ കീഴില്‍ 1986-ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി ആരംഭിച്ച ഒരു സൊസൈറ്റിയാണ് കേരള റൂറല്‍ എംപ്ലോയ്മെന്റ് & വെല്‍ഫെയര്‍ സൊസൈറ്റി അഥവാ ക്രൂസ്. ഇതിന്റെ കീഴില്‍ പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയം എന്ന പേരില്‍ ആധുനിക സൌകര്യങ്ങളോടെയുള്ള ഒരു ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് 1987 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു വരുന്നു. ജനറല്‍ കൌണ്‍സില്‍ ആണ് സൊസൈറ്റിയുടെ പൊതുവായ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. വിലാസം: ക്രൂസ്, സ്വരാജ് ഭവന്, നോര്‍ത്ത് ബ്ലോക്ക്, നന്തന്‍കോട്, കവടിയാര്‍ പി.ഓ., തിരുവനന്തപുരം 695003 Phone No : 0471-2722007, Fax : 2722064 E-mail :mdkrewstvpm@gmail.com ഓംബുഡ്സ്മാന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന് സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു. വിലാസം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് സാഫല്യം കോംപ്ലക്സ് (നാലാം നില), ട്രിഡ ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി.പി.ഒ., തിരുവനന്തപുരം – 695034 ഫോണ്‍: 0471 2333542 ഇ-മെയില്‍:: ombudsmanlsgi@gmail.com വെബ് സൈറ്റ് : www.ombudsmanlsgiker.gov.in ക്ലീന്‍ കേരള കമ്പനി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി . ബഹു: വകുപ്പ് മന്ത്രി ചെയര്‍മാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് ,സെക്രട്ടറി ഫിനാന്‍സ്, സെക്രട്ടറി പ്ലാനിംഗ് , ചെയര്മാന് മുന്‍സിപ്പല്‍ ചെയര്‍മെന്‍ ചേംബര്‍ , പ്രസിഡന്റ് മേയേഴ്സ് ഫോറം തുടങ്ങി അംഗങ്ങളെ ഉള്‍പ്പെടുത്തിയ ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനിയുടെ നിയന്ത്രണം നടത്തുന്നത്. സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുന:ചംക്രമണത്തിനും , സംസ്ക്കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ഇതിലേക്കായി വിവിധ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്നു. വെബ് സൈറ്റ് : www.cleankeralacompany.com